Total Pageviews

Friday, 17 May 2013

ജനമുന്നേററം രൂപപ്പെടുത്തിയ ഒരു ദേശം

കാരാകുറുശ്ശി കാരതല്ലിന്റെ നാടെന്നും അതല്ല,കാരച്ചെടികളുടെ നാടാണെന്നും പണ്ടുള്ളവര്‍ തര്‍ക്കിക്കുമ്പോള്‍ ,റബ്ബറിന്റെയും കോണ്‍ഗ്രീറ്റു വീടുകളുടേയും നാടാണെന്നു് ഇപ്പോഴുള്ളവര്‍ മടിക്കാതെ സമ്മതിക്കും.ഇടവഴികളെല്ലാം പെരുവഴികളായതും പാടമരികിലെ വീടുകള്‍ റോഡരികിലേക്കു കയറി വന്നതും നെല്ലു വിളഞ്ഞിരുന്ന പടങ്ങളില്‍ തെങ്ങും റബ്ബറും തഴച്ചു തുടങ്ങിയതും കാരാകുറുശ്ശിയുടെ പുതിയ കാല വിശേഷം.
ചൂരിയോടു പുഴയും പുലാപ്പററപ്പുഴയും അതിരിട്ട, കാരാകുറുശ്ശിയുടെ പടിഞ്ഞാറന്‍ അതിര് ചരിത്ര‍പ്ര‍സിദ്ധമായ ടിപ്പുസുല്‍ത്താന്‍ റോഡാണ്.സുല്‍ത്താന്റെ പട ,പാലക്കാട്ടേക്കു പോയിരുന്നത് അദ്ദേഹത്തിന്റെ പട പണിത ഈ റോഡു മാര്‍ഗ്ഗമായിരുന്നു.പട ഇടക്കു താവളമടിച്ചിരുന്ന വലിയട്ട കാരാകുറുശ്ശിയുടെ അടുത്താണ്.ഖിലാഫത്തു കാലത്തെ പീരങ്കി മുറിവു പേറുന്ന പള്ളിക്കുറുപ്പമ്പലവും ചൂരിയോടു പുഴയിലുള്ള എഴുത്താമ്പാറയിലെ ശിലാലിഖിതങ്ങളും ഒളപ്പമണ്ണ മനയും പുരാതനമായ കോളപ്പാകം പള്ളിയും കാരാകുറുശ്ശിയുടെ ചരിത്ര സാമിപ്യങ്ങളാണ്.
ദേശിയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് താമ്രപത്രം ലഭിച്ച പള്ളിക്കുറുപ്പിലെ കുട്ടികൃഷ്ണപ്പണിക്കരും വെള്ളപ്പട്ടാളത്തിന്റെ കൊടിയ മര്‍ദ്ദനമേററ ചെന്ത്രാനി പത്മനാഭന്‍നായരും കമ്മ്യൂണിസ്ററ് നിരോധന കാലത്ത് ഇ.എം.എസ് നമ്പൂതിരിപ്പാടിന് ഒളിത്താവളമൊരുക്കിയ കാര്യവും കാരാകുറുശ്ശിക്ക് അഭിമാനത്തോടെ പറയാനുണ്ട്.
കാരാകുറുശ്ശിയുടെ അക്ഷര സാന്നിദ്ധ്യമായ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളാണ് ഈ നാടിന്റെ വളര്‍ച്ചയുടെ അളവുകോല്‍.1914 ല്‍ മുതുകാട് എന്ന പ്രദേശത്ത് പുത്തന്‍ വീട്ടില്‍ ശങ്കുണ്ണി അധികാരി തുടക്കം കുറിച്ച ഈ വിദ്യാലയം കുളപ്പാറലിലെ നമ്പന്‍കുട്ടി ഗുപ്തന്റെ കളത്തിലേക്കും പിന്നെ,മുഞ്ഞക്കണ്ണി ശങ്കുണ്ണി എന്ന അംശം അധികാരി കാരാകുറുശ്ശിയില്‍ നിര്‍മ്മിച്ചു വാടകക്കു നല്കിയ കെട്ടിടത്തിലേക്കു വന്നത്താണ് ഇന്നത്തെ കാരാകുറുശ്ശി രൂപപ്പെടുന്നതിനു തുടക്കം കുറിച്ചത്.അതിനു മുമ്പ് ഒരു ചായക്കടയും പലചരക്കു കടയും തുന്നല്‍ക്കടയും മാത്രമുള്ള മുക്കട്ടയായിരുന്നു.പിന്നെയാണ് റേഷന്‍ കട, പോസ്റ്റോഫീസ് എന്നിവയുടെ വരവ്....
കാരാകുറുശ്ശിയിലാദ്യത്തെ അഡ്വക്കേററായ പി എ ശങ്കരന്റെ നേതൃത്വത്തില്‍ നടന്ന യുവജന മുന്നേററം പൂച്ചക്കണ്ണി മലയുടെയും അയ്യപ്പന്‍മലയുടേയും തെക്കേതാഴ്വാരത്തുള്ള കാരാകുറുശ്ശി മുക്കട്ടയ്ക്ക് ആളനക്കം വെപ്പിച്ചു.അദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ രൂപീകരിച്ച കലാസമിതി അറിവിന്റേയും കലയുടേയും പുത്തന്‍വെളിച്ചം കാരാകുറുശ്ശിയില്‍ കൊളുത്തി.
പാലക്കാട്-കോഴിക്കോട് ഹൈവേയില്‍ നിന്ന് അഞ്ചു കിലോമീററര്‍ ഉള്‍പ്രദേശത്തുള്ള കാരാകുറുശ്ശിക്ക് ഒരു വെട്ടുവഴി മാത്രമായിരുന്ന റോഡ് മെററിലിടാനുംടാറിടാനുംനേതൃത്ത്വം നല്കിയത് ഈ കലാസമിതി സംഘമായിരുന്നു.അതിനിടെ എല്‍ പി സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും സമിതി നടത്തിക്കൊണ്ടിരുന്നു. അഡ്വ:പി എ ശങ്കരനൊപ്പം സഹോദരങ്ങളായ ലക്ഷ്മണഗുപ്തന്‍,കുട്ടികൃഷ്ണഗുപ്തന്‍,ബാലകൃഷ്ണന്‍, പൊക്കാലി കുഞ്ഞിരാമ ഗുപ്തന്‍,മുഞ്ഞക്കണ്ണി രാവുണ്ണി,മാഞ്ചുരുണ്ട പൊന്നുകുട്ടന്‍,പറങ്ങോടന്‍,കോലാനി പത്മനാഭന്‍നായര്‍,വടകരക്കളം വേലായുധന്‍ നായര്‍,അച്യുതപിഷാരടി,രാഘവവാര്യര്‍...തുടങ്ങിയവരുടെസംഘം സ്ക്കൂളും റോഡും കലാസമിതിയും മെച്ചപ്പെടുത്താന്‍ നടത്തിയ പ്രയത്നം കാരാകുറുശ്ശിയുടെ തന്നെ മുഖച്ഛായ മാററി.
1965 ലെ അസംബ്ളി തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിന്നും എം.എല്‍.എ ആയി അഡ്വ:പി എ ശങ്കരനെ തിരഞ്ഞെടുത്തെങ്കിലും ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടാതിരുന്നത് ഏറെ നഷ്ടം കാരാകുറുശ്ശിക്കാണ് ഉണ്ടാക്കിയത്.

സക്ഷരതാ പ്ര‍സ്ഥാനവും ജനകീയാസൂത്ര‍ണവുമാണ് കാരാകുറുശ്ശിയില്‍ ജനമുന്നേററത്തിന്റെ രണ്ടാം ഘട്ടമൊരുക്കിയത്. ടി.രാമചന്ദന്റെ നേതൃത്ത്വത്തില്‍ നടന്ന യുവജന മുന്നേററം കാരാകുറുശ്ശിക്കാരില്‍ അക്ഷരവും ആവശ്യബോധം ഉണര്‍ത്താനും അതു നേടിയെടുക്കാന്‍ കൂട്ടായ്മയോടെ ആവശ്യകതയും ബോധ്യപ്പെടുത്തി.ശ്യാമളാ സുകുമാരന്റെയും ഗ്രാമീണനായ എം.വിജയന്റെയും
നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതികള്‍ കാരാകുറുശ്ശിക്ക് പുത്തനുണര്‍വ്വ് സമ്മാനിച്ചു.

ചരിത്ര‍വും വര്‍ത്തമാനവും ഇഴപാകിയ കാരാകുറുശ്ശിയുടെ മുന്നേററത്തില്‍ ഹയര്‍ സെക്കന്ററി സ്ക്കൂളും കാരാകുറുശ്ശി-കൂട്ടിലക്കടവു റോഡും കലാസമിതിയും സ്വധീനിച്ചതിനേക്കാള്‍, മുഖം മിനുക്കുന്നതിനു കുടിയേററവും ഗള്‍ഫ് പണത്തിന്റെ വരവുമാണ് കാരണമായതെന്ന് കൂടുതല്‍ കൂടുതല്‍

-2

ബോധ്യപ്പെടുത്തുന്നതാണ് കാലം.ഒപ്പം,കൂട്ടിലക്കടവ് പുഴയ്ക്കും പുലാപ്പററപ്പുഴയ്ക്കും കോളപ്പാകം പുഴയ്ക്കും പാലം പണിതതും കാരാകുറുശ്ശിയെ ഏറെ സൗകര്യങ്ങളിലേക്കു വഴി തെളിച്ചു. എങ്കിലും,കൃഷിയോടും നാട്ടു നന്മ കളോടും മുഖം തിരിച്ച് ഒരു ഗ്രാമത്തിനു എത്രകാലം നിലനില്ക്കാനാകും എന്നതാണ് ഇപ്പോഴത്തെ വേവലാതി.

No comments:

Post a Comment