Total Pageviews

Saturday, 26 July 2014

ഗതികേട്

പാഠപുസ്തകങ്ങളില്‍ പൊതുവിജ്ഞാന രേഖകളില്‍ സര്‍ക്കാര്‍ വിചാരിപ്പുകളില്‍ പീലിവിടര്‍ത്തിയാടിയിരുന്ന ഒരു ആണ്‍മയിലിതാ പഴന്തുണി ചുററിയ പിച്ചക്കാരനെപ്പോലെ പീലികാകാവടിയും ലാസ്യഭാവങ്ങളുമില്ലാതെ നനഞ്ഞൊതുങ്ങി മുററത്തുകൂടി കൊത്തിപ്പെറുക്കുന്നു.

Friday, 11 July 2014

മിണ്ടണം

….... ഏറെ വൈകി വീട്ടിലെത്തിയ ഭര്‍ത്താവ് തെല്ലാശ്വാസത്തിനായി ചാരുകസേരയിലിരിക്കുമ്പോഴാണ് ഭാര്യയുടെ വാ തോരാതുള്ള വര്‍ത്തമാനം പറച്ചില്‍. “നീയൊന്ന് മിണ്ടത്തിരിക്കുന്നുണ്ടോ...” :സഹികെട്ട് ഭര്‍ത്താവ്. “രാവിലെ ഏഴുമണിക്ക് ഞാന്‍ ഒരാളോട് മിണ്ടിയതാണ്.. ഇനിയെങ്കിലും എനിക്കോന്ന് മിണ്ടണം"

Friday, 13 June 2014


സെല്‍ഫി

നേതാവിന്റെ മകന്റെ കല്ല്യാണത്തിന് ഞാനുമുണ്ടായിരുന്നു എന്നറിയിക്കാന്‍ ഒന്നെടുത്തു . സമരത്തിന്റെ മുന്‍പന്തിയില്‍ എന്റെ സജീവ സാന്നിദ്ധ്യമറിയിക്കാന്‍ മറ്റൊന്നെടുത്തു . ഉദ്ഘാടന വേദിയിലെ തിരക്കു തുടങ്ങുന്നതിനു മുന്നേ തന്നെ എന്നെ ചേര്‍ത്തൊരെണ്ണം ഒപ്പിച്ചിരുന്നു . അപകട സ്ഥലത്ത് ആദ്യമെത്തിയെന്നു തോന്നിപ്പിക്കാന്‍ മുറിവേറ്റവര്‍ക്കിടയില്‍ നിന്ന് തിരക്കിട്ടൊന്നു പകര്‍ത്തി. മറ്റാരും അപ് ലോഡു ചെയ്യുന്നതിനു മുന്നേ അതെല്ലാം വിളമ്പാന്‍ ശ്രമിക്കുമ്പോള്‍ പക്ഷെ , മെബൈലില്‍ നെറ്റ് ബാലന്‍സ് ഇല്ലാത്തത് ഹാ കഷ്ടമേ , കഷ്ടം .

.....................................................

Monday, 9 June 2014

തീററ


നേരമിത്രയായിട്ടും
പോസ്ററുചെയ്യാന്‍
പററിയൊരു
വാര്‍ത്തയോ
ചിത്രമോ
കിട്ടാത്തതിനാലാണ്
അയാളാ കടും കൈ
ചെയ്തത്...?!

Monday, 26 May 2014

സ്വന്തം


--------
ആയിരം കാന്താരി പൂത്തിറങ്ങുന്നൊരു
ആകാശപ്പൂമരച്ചോട്ടിലായി
ഒത്തൊത്തുകൂടിയോര്‍,കൂട്ടായിരുന്നവര്‍
ഒന്നിച്ചൊരു സ്വപ്നം നെയ്തെടുത്തു
അവര്‍,ഒന്നിച്ചാ സ്വപനം പങ്കുവെച്ചു..

അകലെയങ്ങകലെയുള്ളാകാശക്കാഴ്ചകള്‍
അകതാരിന്‍ചില്ലയില്‍ കോര്‍ത്തെടുത്തു
ഗ്രാമത്തിന്‍ കുഞ്ഞുങ്ങള്‍,നാടിന്റെ കുഞ്ഞുങ്ങള്‍
നാളേക്കുവേണ്ടി പഠിച്ചെടുത്തു
അതു,നാളേക്കുവേണ്ടി കരുതിവെച്ചു..

എന്തെന്താകലെയെന്നാകിലും ചിലതുകള്‍
എത്രയടുത്തെന്നറിഞ്ഞു നമ്മള്‍
കൈകോര്‍ത്തു നിന്നാല്‍,ചേര്‍ന്നൊന്നു നിന്നാല്‍
എല്ലാതുമെല്ലാര്‍ക്കും സ്വന്തമാകും
ഇവിടെ,എല്ലാതുമെല്ലാര്‍ക്കും സ്വന്തമാകും..

Monday, 19 May 2014

ചങ്ങാത്തം


കഥ
ചങ്ങാത്തം
---------
ഒപ്പിടുന്നതിനിടയില്‍
ഓഫീസ് ക്യാബിനില്‍വെച്ച്
ചീഫിനെ ഒളികണ്ണിട്ടൊന്നു നോക്കി.
പക്ഷെ,
അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ഉച്ചയൊഴിവിന്‍ നേരത്ത്
ക്യാന്റിനില്‍ വെച്ച് അദ്ദേഹത്തിന്റെ നോട്ടം
കണ്ടപ്പോള്‍ ഞാന്‍
ചുണ്ടിലൊരു ചിരി വരുത്തി.
എന്നാല്‍,
അദ്ദേഹത്തിന്റെ ചുണ്ടുകള്‍
സ്ഫൂണിലെടുത്ത ഭക്ഷണത്തിലേക്ക്
തുറന്നതല്ലാതെ
എന്റെ പരിചയച്ചിരി പരിഗണിച്ചില്ല.
എന്നാലെന്താ,
രാത്രിയില്‍ ഫേസ്ബുക്കില്‍
അദ്ദേഹം ഏറെനേരം
മനം തുറന്ന് ചാററ്ചെയ്തില്ലെ..
എനിക്കതുമതി.
----------
-എം കൃഷ്ണദാസ്